അഴിമതിവിവാദം പുകയുന്നു
Posted on: 21 Mar 2010
സകല വകുപ്പുകളിലും അഴിമതി- മന്ത്രി തെറ്റയില്‍
കൊച്ചി: ഗതാഗത വകുപ്പിലെ അഴിമതി സംബന്ധിച്ച് എല്‍.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ഉയര്‍ന്ന വിവാദം പുകയുന്നു.
ഗതാഗത വകുപ്പില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും അഴിമതി നടക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ ശനിയാഴ്ച ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്നടിച്ചു. എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെന്ന മന്ത്രി തെറ്റയിലിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പ്രതികരിച്ചു. എന്നാല്‍, എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ അഴിമതിക്കാര്‍ ആരുമില്ലെന്നും ഉദ്യോഗസ്ഥതലത്തിലാണ് അഴിമതി യെന്നും മന്ത്രി എം.എ. ബേബി അഭിപ്രായപ്പെട്ടു.
ഗതാഗത വകുപ്പില്‍ അഴിമതിയുണ്ടെന്ന് പ്രത്യക്ഷമായും അതിന് ഉത്തരവാദി മന്ത്രി ജോസ് തെറ്റയിലാണെന്ന് പരോക്ഷമായും കഴിഞ്ഞ ദിവസം നടന്ന എല്‍.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെ ശനിയാഴ്ച ആലുവയില്‍ ജനമൈത്രി - അക്ഷയ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രി തെറ്റയില്‍ എല്ലാ വകുപ്പിലും അഴിമതി യുണ്ടെന്ന് പറഞ്ഞത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മുന്‍ മന്ത്രി മാത്യു ടി. തോമസ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഗതാഗത വകുപ്പിലെ അഴിമതിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം എല്‍.ഡി.എഫ്. യോഗത്തില്‍ ഉണ്ടായത്.
രജിസ്‌ട്രേഷന്‍, സിവില്‍ സപ്ലൈസ്, പോലീസ് വകുപ്പുകളില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് മന്ത്രി തെറ്റയില്‍ പറയുന്നു. അതുപോലെ തന്നെ ഗതാഗത വകുപ്പിലും അഴിമതിയുണ്ട്. ഗതാഗത വകുപ്പില്‍ അഴിമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന് അദ്ദേഹത്തിന്റെ തുടര്‍നടപടികള്‍ വിലയിരുത്തിയ ശേഷമേ പറയാനാകൂ എന്നും മന്ത്രി തെറ്റയില്‍ പറഞ്ഞു.
അഴിമതി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഭരണാധികാരി എന്ന നിലയ്ക്ക് ഉണ്ടാകേണ്ടത്. അഴിമതി ആര് നടത്തുന്നുണ്ടെങ്കിലും അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഗതാഗത വകുപ്പില്‍ അഴിമതിയുണ്ടെന്നതില്‍ വ്യക്തിപരമായി തനിക്ക് ദുഃഖമുണ്ടെന്നും മന്ത്രി സമ്മതിച്ചു.
No comments:
Post a Comment