Monday, September 20, 2010

Pravasi Varthakal

ദോഹയും ബഹ്‌റൈനും ബന്ധിപ്പിച്ച് അതിവേഗ റെയില്‍പ്പാത വരുന്നു
Posted on: 20 Sep 2010

ദോഹ: ദോഹാ വിദ്യാഭ്യാസനഗരിയും ബഹ്‌റൈനും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വേ സ്ഥാപിക്കാന്‍ പദ്ധതി. ദോഹയില്‍നിന്നും 51 മിനിറ്റു കൊണ്ട് ബഹ്‌റൈനിലെത്തുന്ന ട്രെയിനുകളാണ് സര്‍വീസ് നടത്തുക. വിദ്യാഭ്യാസനഗരിയിലെ നിരവധി വിദേശ സര്‍വകലാശാലകളില്‍ ചേര്‍ന്നുപഠിക്കാന്‍ ബഹ്‌റൈന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കാനാണ് റെയില്‍പ്പാത സ്ഥാപിക്കുന്നത്.

ഗ്രേറ്റര്‍ ദോഹയെ ജി.സി.സി. രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന 13300 കോടി ഖത്തര്‍ റിയാല്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായിട്ടാണിത് സ്ഥാപിക്കുക. ഫിഫ പരിശോധനാസംഘത്തോടൊപ്പമെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലാണീ പദ്ധതി വെളിപ്പെടുത്തിയത്. 2022 ലെ ലോകകപ്പ് ഫുട്ബാളിന് വേദിയാകാനുള്ള ഖത്തറിന്റെ ആവശ്യത്തിന്റെ വെളിച്ചത്തില്‍ യോഗ്യത പരിശോധിക്കാനെത്തിയതായിരുന്നു ഫിഫാ പരിശോധനാസംഘം.

ഖത്തര്‍ വിദ്യാഭ്യാസനഗരിയും ബഹ്‌റൈന്‍ തലസ്ഥാനവുംതമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ 2017 ല്‍ യാഥാര്‍ഥ്യമാവുമെന്ന് റെയില്‍വേ പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ സുല്‍ത്താന്‍ ബക്കീത് അല്‍ ഇനാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 350 കിലോമീറ്റര്‍ ഒരു മണിക്കൂറില്‍ വേഗതയുള്ള ട്രെയിനുകളായിരിക്കും റെയില്‍വേ പദ്ധതി പൂര്‍ത്തിയായാല്‍ സര്‍വീസ് നടത്തുക. ഈ അതിവേഗ ട്രെയിന്‍ യാഥാര്‍ഥ്യമാവുന്നതോടെ ദോഹയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും ബഹ്‌റൈനിലേക്ക് യാത്രചെയ്യാന്‍ സൗകര്യമുണ്ടാവും.

ലോകകപ്പ് ഫുട്ബാളിന് വേദിയാകാന്‍ അവസരം ലഭിച്ചാലും ഇല്ലെങ്കിലും മെട്രോയും മറ്റു റെയില്‍വേ പദ്ധതികളുടെയും പ്രവര്‍ത്തനം അടുത്തവര്‍ഷം മധ്യത്തില്‍ ആരംഭിക്കുമെന്നദ്ദേഹം അറിയിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറിന് ലഭിച്ചാല്‍ റെയില്‍വേപദ്ധതിയുടെ 90 ശതമാനം ജോലികളും 2021 ല്‍ പൂര്‍ത്തിയാവും. അല്ലാത്തപക്ഷം റെയില്‍വേ ജോലികള്‍ 2026 ലേ പൂര്‍ത്തിയാവുകയുള്ളൂ. റെയില്‍വേ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സൗദിയുടെ അതിര്‍ത്തിയുമായി ഗ്രേറ്റര്‍ ദോഹ മെട്രോ റെയില്‍വേയെ ബന്ധിപ്പിക്കും. മണിക്കൂറില്‍ 220 കി.മീ വേഗതയുള്ള ട്രെയിനുകളാണിവിടെ സര്‍വീസ് നടത്തുക. മെട്രോ റെയിലിന് ദോഹയില്‍ ഒരു പ്രധാന സ്റ്റേഷനുണ്ടാകും. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 108 സ്റ്റേഷനുകളുമുണ്ടാവും. നജ്മാ, അല്‍സദ് തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റേഷനുകളുണ്ടാവുമെന്ന് അല്‍ ഇനാസി വെളിപ്പെടുത്തി. (mathrubhumi)

No comments:

Post a Comment